Friday, August 04, 2006

കേട്ടി - കോപ്പ കാല്‍പ്പന്തു പോട്ടി

ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതു 'കേട്ടി'' താഴ്‌വരകളിലാണെന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിച്ചിരുന്ന നല്ല നാളുകള്‍. സ്വര്‍ഗ്ഗത്തിനു ജനലും, വാതിലും, കുറ്റിയും, കൊളുത്തും, വേലിയും, ഗെയ്റ്റുമൊന്നും ഇല്ലാന്നല്ലേ സങ്കല്‍പ്പം. ഞങ്ങളില്‍ പലര്‍ക്കും അത്‌ സങ്കല്‍പം വിട്ടു പ്രാവര്‍ത്തികം കൂടി ആയിരുന്നു. അതോണ്ട്‌, അതോണ്ട്‌ മാത്രം ആ നാട്ടിലെ ക്യാരറ്റ്‌, ഉരുളക്കിഴങ്ങ്‌, കോളി ഫ്ലവര്‍ തുടങ്ങിയ പച്ചക്കറികൃഷികള്‍ കുറച്ചു നാളത്തേക്ക്‌ നഷ്ടത്തിലായി. പിന്നീട്‌ മുട്ടന്‍വടി, പട്ടി, ഉരുളന്‍കല്ല്, വെട്ടുകത്തി മുതലായവ അകാലവാര്‍ദ്ധക്യത്തിനിടയാക്കും എന്നു 'നന്നായി' മനസ്സിലായപ്പോള്‍ കൃഷി പച്ച പിടിച്ചു.

അന്നാട്ടുകാരുടെ ഏറ്റവും വലിയ ദൌര്‍ബല്യങ്ങളായിരുന്നു ഫുഡ്‌ബോളും, കള്ളും. നാട്ടുകാരുടെ പ്രിയഭാജനമാകാന്‍ ഇതിലേതിലെങ്കിലും കഴിവു തെളിയിച്ചിരിക്കണം. പന്ത്‌ ഉരുണ്ടാണോ ഇരിക്കണേന്ന്, ദേ, ദിപ്പോ കൂടി ചോദിച്ച പലരും അങ്ങനെ നാടിന്റെ കണ്ണിലുണ്ണികളായി നാലു വര്‍ഷം വിലസി. എങ്ങനേന്ന് ചോദിക്കരുത്‌.

തോല്‍പ്പിച്ചിരുത്തല്‍ യൂണിവേഴ്സിറ്റി നിറുത്തി വച്ചിരുന്നോണ്ട്‌ ഞങ്ങളെല്ലാം അവസാന വര്‍ഷത്തിലെത്തി. എല്ലാകൊല്ലത്തേയും പോലെ അക്കൊല്ലവും ഡിപ്പാര്‍ട്ടുമേന്റ്‌ തിരിഞ്ഞുള്ള പന്തുകളിക്കുള്ള (കയ്യാങ്കളി) സമയമടുത്തു. അതു വരെയുള്ള വര്‍ഷങ്ങളില്‍ തോന്നാത്ത കുബുദ്ധി ആര്‍ക്കാണാവോ തോന്ന്യേ? ഏതെങ്കിലും കണ്ണിലുണ്ണി ആയിരിക്കും. ഉറപ്പ്‌

"ഇത്തവണ സ്വന്തം പേരും നമ്പറുമെഴുതിയ ജഴ്സിയിട്ടായിരിക്കും നമ്മുടെ ടീം ഇറങ്ങുന്നത് "

'ബനിയന്‍ സിറ്റി'' എന്നറിയപ്പെടുന്ന തിരുപ്പൂര്‍ പോയാലേ 'വിലയോ തുച്ഛം, ഗുണമോ മെച്ചം' ആയിട്ടുള്ള സാധനം കിട്ടൂ . പിന്നെയെല്ലാം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. ആദ്യ വര്‍ഷക്കാരുടെ മുതലുള്ള എല്ലാ ക്ലാസ്സുകളിലും നടന്നു പിരിച്ചു. ജഴ്സിയുടെ സുരക്ഷയെ കരുതി മാത്രം ഒരു Qualis'ല്‍ പോയി വരാന്‍ തീരുമാനമായി.

ആരു പോകും എന്നൊരു പ്രശ്നമേയില്ല, ആരു പോകുന്നില്ലാ എന്ന ചോദ്യത്തിനാണിവിടെ പ്രസക്തി. കളിക്കാര്‍ ഈ വക മെനക്കേടിനൊക്കെ നിന്നാല്‍ അവരുടെ ശാരീരിക ക്ഷമതക്കു കോട്ടം തട്ടിയാലോ? ഗപ്പ്‌ വിട്ടൊരു കളി നമുക്കില്ല. ആയ കാരണങ്ങള്‍ കൊണ്ട്‌ ചാള അടുക്കിയ പോലെ എല്ലാ കണ്ണിലുണ്ണികളേയും കയറ്റിയിട്ടു ഞരങ്ങി മൂളി വണ്ടി നീങ്ങി തുടങ്ങി.

'ഇഴഞ്ഞിഴഞ്ഞു' തിരിപ്പൂര്‍ വരെ എത്തി. ഉത്തരവാദിത്വം തീരെ ഇല്ലാത്തവരാണിവര്‍ എന്നു കരുതിയവര്‍ക്കു തെറ്റി. ജഴ്സി വാങ്ങിയിട്ടേ ഇനി എന്തും ഒള്ളൂ. ആദ്യം കണ്ട കടയില്‍ തന്നെ കയറി ആഗമനോദ്ദേശ്യമറിയിച്ചു. ഉഷാര്‍, കട മാറിയിട്ടില്ല. ഒരേ ഒരു പ്രശ്നം, വില കൊണ്ടൊക്കുന്നില്ല. ഒന്നു കൂടി വ്യക്തമാക്കിയാല്‍ നമ്മുടെ കയ്യില്‍ ബാക്കിയുള്ള കാശും, അവരുടെ വില നിലവാരവും തമ്മിലുള്ള പത്തില്‍ പത്ത്‌ പൊരുത്തക്കേട്‌. കൂട്ടത്തില്‍ ബിസിനസ്സ്‌ ഫാമിലി എന്നവകാശപ്പെടുന്ന ഒരുത്തന്‍ കയറി പേശല്‍ തുടങ്ങി. അറിയാവുന്ന മുറി മലയാളത്തില്‍ കടക്കാരന്‍ പറഞ്ഞേന്ന് ഇത്രേം മനസ്സിലായി. ഇതിലും വില കുറച്ചു കിട്ടണേങ്കി ലുധിയാനേല്‍ പോണം. നമ്മുടെ ബിസിനസ്സ്‌ ഫാമിലി വിട്വോ,
"ലുധിയാന ഇങ്കെ പക്കമാ?"
തിരിച്ചുള്ള ഡയലോഗിനു ഗ്യാപ്പ്‌ വിടാതെ,പുറത്തു കണ്ട ഓട്ടൊയില്‍ ചാടി കയറി ചുള്ളന്‍ അടുത്ത്‌ ഡയലോഗ്‌ ഫിറ്റ്‌ ചെയ്തു,
" അണ്ണാ, വണ്ടി വിട്‌ ലുധിയാന".
ഞങ്ങളോടായ്‌ "നിങ്ങളിവിടെ നിന്നോ, ഞാനിപ്പൊ സാധനം വാങ്ങി വരാം, ഇവനെ അങ്ങനെ വിട്ടാല്‍ പറ്റ്വോ?"
പാവം ശുദ്ധമനസ്ത്കനറിയില്ലായിരുന്നു, ലുധിയാന അങ്ങു ഉത്തരേന്‍ഡ്യയിലാണെന്ന്. അവനെ ഓട്ടോയില്‍ നിന്നിറക്കാന്‍ പെട്ട പാട്‌...

കുറച്ചധികം മണിക്കൂറുകള്‍ക്ക്‌ ശേഷം, വണ്ടീയും, ജഴ്സിയും, കണ്ണിലുണ്ണികളും 'കേട്ടി' താഴ്വരയില്‍ സുരക്ഷിതരായി തിരിച്ചെത്തി. ഡ്രൈവര്‍ക്ക്‌ പണ്ട്‌ പാമ്പ്‌ പിടുത്തമായിരുന്നെന്ന്‌ മറുഭാഷ്യം.
ഇതിനകം തന്നെ ഒരു സംസാരവിഷയമായി മാറിക്കഴിഞ്ഞ തിരുപ്പൂര്‍ ജഴ്സി കളിയുടെ അന്നു പുറത്തെടുത്താല്‍ മതിയെന്ന് വിദഗ്‌ധോപ്ദേശം. സംശയിക്കേണ്ട, വിദഗ്‌ധര്‍ നമ്മുടെ ഉണ്ണികള്‍ തന്നെ.

അങ്ങനെ ആ ദിവസവും വന്നു, തിരുപ്പൂര്‍ ജഴ്സി ഇട്ടിറങ്ങിയ നമ്മുടെ സ്വന്തം ടീമിനെ കണ്ട്‌ എതിര്‍ ടീം വാ പൊളിച്ചു. അവരുടെ കണക്കുകൂട്ടലുകള്‍ മൊത്തം തെറ്റിച്ചു കൊണ്ടാണ്‌ നമ്മുടെ ടീം എറങ്ങിയേക്കണേ. കാണികള്‍ക്കും, റഫറിക്കും അതിലും വലിയ കണ്‍ഫ്യൂഷന്‍.
"ഇവനല്ലല്ലോ അവന്‍, അതോ !!!!"

ഒന്നും സംഭവിച്ചിട്ടില്ല,

"ഇത്തവണ സ്വന്തം പേരും നമ്പറുമെഴുതിയ ജഴ്സിയിട്ടായിരിക്കും നമ്മുടെ ടീം ഇറങ്ങുന്നത്‌" എന്ന കണ്ണിലുണ്ണികളുടെ തീരുമാനം അക്ഷരാര്‍ത്ഥം നടപ്പാക്കിയ ദിവ്യ മുഹൂര്‍ത്തത്തിനായിരുന്നു അവരെല്ലാം സാക്ഷ്യം വഹിച്ചത്‌.
ശരിക്കും ഇപ്പറഞ്ഞവരുടെ സ്വന്തം പേരുകളായിരുന്നു ജഴ്സിയുടെ പിന്‍ഭാഗത്തായി തെളിഞ്ഞു കണ്ടതേ...

പിന്‍കുറിപ്പ്‌:
കേട്ടി :- കുന്നൂരിനും, ഊട്ടിക്കും ഇടയിലായ്‌ സ്ഥിതി ചെയ്യുന്ന മനോഹരമായൊരു താഴ്‌വര. 'Switzerland of Nilgiris' എന്നും വിശേഷിപ്പിക്കപ്പെടും.

Tuesday, July 25, 2006

(ചിത്ര)കലാപ്രതിഭ

ഈ സംഭവം നടക്കുന്നത്‌ കൊച്ചന്‍ കൊച്ചായിരുന്നിട്ടും "കൊച്ചനെ"ന്നറിയപ്പെട്ടു തുടങ്ങാത്ത കാലത്താണ്‌.

ഒരു കലാകാരനാവുകയാണെന്റെ ജന്മോദ്ദ്യേശ്യമെന്ന് എനിക്ക്‌ പണ്ടേ അറിയാമായിരുന്നു. അതു മനസ്സിലാകാത്ത ദോഷൈദൃക്കുകളാണ്‌ എന്റെ ഇതു വരെയുള്ള ജീവിതത്തിലെ പല തരത്തിലുള്ള ആപത്ഘട്ടങ്ങളും സൃഷ്ടിച്ചത്‌.

ഈ ഉദ്ദേശം ലോകത്തെ ഞാന്‍ വിളിച്ചറിയികുന്നതു ഉദ്ദേശം 5 - 5 1/2 വയസ്സ്‌ പ്രായമുള്ളപ്പോളാണ്‌. അതങ്ങനെയാ, മഹാന്മാരെല്ലാം ചെറു പ്രായത്തില്‍ തന്നെ പ്രശസ്തി നേടും.ആ വര്‍ഷം സ്കൂളിലെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പാട്ടു മത്സരത്തില്‍ ഞാന്‍ പങ്കെടുക്കുകയും, പരുക്കുകള്‍ അശേഷമില്ലാതെ രക്ഷപ്പെടുകയും ചെയ്തു. അന്നത്തെ വിധികര്‍ത്താക്കള്‍ എന്നെ എതിരില്ലാത്ത ജേതാവായി പ്രഖ്യാപിച്ചു. നെറ്റി ചുളിക്കണ്ട, വേറെയും മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു. "മിണ്ടാത്തേനേലും ഭേതല്ലേ കൊഞ്ഞപ്പ്‌" എന്നതായിരുന്നു വിധി നിര്‍ണ്ണയ മാനദണ്ഡം എന്നും മറ്റും ചില അസൂയാലുക്കള്‍ പറഞ്ഞു നടന്നിരുന്നു. വെറും കണ്ണുകടി. നേരേ മറിച്ച്‌ ഇത്‌ സംഗീത ലോകത്തൊരു പുതുയുഗപിറവിയാണെന്നല്ലേ എന്നെ വിധിച്ചവര്‍ സ്മരിച്ചത്‌??

സംഗീത ലോകം കാല്‍ച്ചുവട്ടിലാക്കിയ എന്റെ അടുത്ത ലക്ഷ്യം ചിത്രകലയായിരുന്നു. എന്നാല്‍ അതേ ലക്ഷ്യവുമായ്‌ ജന്മമെടുത്തവരാണ്‌ എന്റെ മിക്ക സഹപാഠികളും എന്നെനിക്കു മനസ്സിലാവാന്‍ അധികം സമയമൊന്നും വേണ്ടി വന്നില്ല. മത്സരാര്‍ഥികളുടെ തള്ളിക്കയറ്റം മൂലം മത്സരം ഘട്ടം ഘട്ടമായ്‌ നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചു. ആദ്യ ഘട്ടം സ്വന്തം ക്ലാസ്സില്‍ നിന്നും തുടങ്ങി.

വരയ്ക്കേണ്ടത്‌ ഒരു കാറായിരുന്നു. കാറെന്നു പേരിട്ട ഒരു നാലുചക്രവാഹനം മേശമേല്‍ വച്ചിട്ടുമുണ്ടായിരുന്നു. അന്നാകപ്പാടെ കണ്ടു പരിചയമുള്ള കാറുകള്‍ അംബാസഡറും, ഫീയറ്റുമാണേ. ഇതന്തൂട്ട്‌ കാറാന്ന്‌ കൊറേ നേരം തല പുകച്ചു(തല പുകച്ചൂന്ന്‌ ഒരാലാങ്കാരിക ഭംഗിക്ക്‌ പറഞ്ഞതാ, അല്ലാണ്ട്‌ ആരെങ്കിലും തല പുകക്യോ? വേറെ എന്തെല്ലാം സൊയംബന്‍ സാധനങ്ങള്‌ പൊകയ്ക്കാന്‍ കിട്ടും!) ആലോചിച്ചിരിക്കാന്‍ സമയില്യാ, പ്രതിഭാപട്ടത്തിന്റെ കാര്യാ..

മറ്റെല്ലാവരും പരബരാഗത ശൈലിയെ പിന്തുടര്‍ന്നപ്പോള്‍, ഞാനൊരു പുത്തന്‍ സാങ്കേത്തിക വിദ്യ പ്രയോഗിച്ചു. കാറിന്റെ രൂപഘടന പകര്‍ത്തി വച്ചു. സംഭവം വലിയ മോശമില്ലാരുന്നൂന്ന് മനസ്സിലായത്‌ അടുത്ത റൌണ്ടിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില പേരില്‍ എന്റെ പേരും കണ്ടപ്പൊഴാ.
ആഹാ ഞാനൊരു സംഭവം തന്നെ!"സകലകലാവല്ലഭന്‍" എന്നായിരുന്നല്ലോ നിനക്ക്‌ പേരിടേണ്ടിയിരുന്നത്‌ എന്നെന്റെ ഉള്ളില്‍ ഉറങ്ങി കിടന്നിരുന്ന കലാകാരന്‍ കുത്തി കുത്തി ചോദിച്ചിരുന്ന ദിവസങ്ങള്‍. ഞാനാണെങ്കി മൂളി മൂളി തോറ്റു. അപ്പോളതാ വരുന്നു രണ്ടാം ഘട്ടം.

എല്ലാ കണ്ണുകളും എന്റെ നേര്‍ക്കല്ലേ എന്നെനിക്കു ശങ്ക? ആദ്യ റൌണ്ടില്‍ കാറായാല്‍, രണ്ടാം റൌണ്ടിലൊരു ബസ്സെങ്കിലും വേണ്ടേ?
അവിടെയാണാദ്യം പിഴച്ചത്‌. സംഘാടകരുടെ കയ്യില്‍ തടഞ്ഞതൊരു കോഴിയായിരുന്നു? കഴിഞ്ഞ റൌണ്ടിലെ പോലെയല്ല, കണ്ടാല്‍ കോഴിയാണെന്നു പറയും. അങ്കവാലും കിരീടവുമൊക്കെ ഉള്ള ഒരു സുന്ദരന്‍ കോഴി. നമുക്കുണ്ടോ വല്ല കുലുക്കവും, പരീക്ഷിച്ചു വിജയിച്ച സാങ്കേതിക വിദ്യ വച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ഞാനാ കോഴിയേയും പകര്‍ത്തി. എന്റെ ചിത്രം ഏറ്റു വാങ്ങാന്‍ വന്ന കുട്ടിമേരി ടീച്ചര്‍ ചിത്രം കണ്ടതും (അതോ എന്നേയോ?) "അയ്യോ കോക്കാന്‍!" എന്നലറി വിളിച്ചു മലന്നടിച്ചു വീണു.

ചിത്രം പഠിച്ച വിധിനിര്‍ണ്ണയ കമ്മിറ്റി, അന്നു മുതല്‍ മരണം വരെ എനിക്കു ചിത്രരചനാ മത്സത്തില്‍ വിലക്കേര്‍പ്പെടുത്തി. ഞാനതക്ഷരം പ്രതി പാലിക്കുന്നുമുണ്ട്‌.
"ഇവന്റെ ചിത്രങ്ങള്‍ ആരോഗ്യത്തിനു ഹാനികരം"

അന്നാലും എവിടെയാണെനിക്കു പിഴച്ചത്‌? പ്രതീക്ഷകളുടെ താങ്ങാനാവാത്ത ഭാരമാണോ എന്നെ തളര്‍ത്തിയത്‌? അതോ അതിരു കവിഞ്ഞ ആത്മവിശ്വാസമോ?

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ engineering drawing ക്ലാസ്സില്‍ വച്ച്‌ ഞാനാ നഗ്ന സത്യം മനസ്സിലാക്കി. പിഴച്ചതെന്റെ സാങ്കേതിക വിദ്യയായിരുന്നു.

ഒരു കോഴിയെ....ഒരിക്കലും..... സ്കെയില്‍ വച്ചു വരക്കരുത്‌.

ഭാഗ്യം അന്നത്തെ കോഴിക്കു ജീവനില്ലാതിരുന്നത്‌.
ജീവനുള്ള കോഴികളെങ്ങാനും അന്നത്തെ ചിത്രം കണ്ടിരുന്നെങ്കില്‍? എന്റമ്മോ !!!!!

Wednesday, July 12, 2006

മൂരിക്കുട്ടന്‍ കൊലക്കേസ്‌

മാന്യ(?)വായനക്കാരുടെ അറിവിലേക്ക്‌:

ഈ പോസ്റ്റില്‍ കണ്ടേക്കാവുന്ന കഥകളും, കഥാപാത്രങ്ങളും സത്യമായിട്ടും ജീവിച്ചിരിക്കുന്നവരാണ്‌. പേരുകള്‍ യഥാര്‍ത്ഥ്മല്ല എന്നതു കൊണ്ടുദ്‌ദേശിക്കുന്നത്‌,SSLC ബുക്കില്‍ കാണുന്ന പേരല്ല എന്നു മാത്രമാണ്‌.ഇക്കാരണങ്ങളാല്‍ എന്റെ ജീവന്‍ അപകടത്തില്‍ അല്ലേ എന്നാണാശങ്കയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. 'കയ്യില്‍ പിണയും' എന്ന ഒറ്റ കാരണത്താല്‍ ആരും ഇതു വരെ എന്റെ ദേഹത്തു തൊടാന്‍ ധൈര്യം കാണിച്ചിട്ടില്ല. (കാണിക്ക്യോ?? കാണിക്കില്ല്യാരിക്കും)

ഏന്നെ കുറിച്ചു പറയാണെങ്കി......(സ്വയം പുകഴ്ത്തരുതെന്നാണ്‌ പ്രമാണം, എന്തെയ്യാം, നല്ല വാക്കു പറേണ ഒരാളെങ്കിലും വേണ്ടേ.)സാമാന്യ ബുദ്ധി കാണിക്കേണ്ടിടത്ത്‌ അതി ബുദ്ധി കാണിച്ചതു കൊണ്ടു മാത്രമാണ്‌ ഞാനീ നിലയിലെത്തിയത്‌.ഉദാ:"മൂരിക്കുട്ടന്‍ കൊലക്കേസ്‌ "

സംഭവം നടക്കുന്നത്‌ ഏതാണ്ടൊരു 7 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌. കഥാനായകന്‍ (ഞാന്‍ തന്നെ) PDC കടന്നു കൂടാന്‍ അഹോരാത്രം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന കാലം. പഠിക്കുന്നെങ്കില്‍ IIT'ല്‍ പഠിക്കണം എന്നു വിശ്വസിച്ചിരുന്ന ഒരു പറ്റം മണ്ടന്മാരാണെന്റെ സഹപാഠികള്‍(ശ്രീജിത്തിനെയല്ലാട്ടോ ഉദ്ദേശിച്ചേ). പലരും ആ മണ്ടത്തരം ചെയ്യേം ചെയ്തു. ഞാന്‍ മാത്രം അന്നും ഇന്നും എന്നും ബുദ്ധിമാന്‍. ഈ മൂരികുട്ടന്‍ ഞങ്ങള്‍ക്കു ഗണിതശാസ്ത്രം പകര്‍ന്നു നല്‍കാനെത്തിയ താത്കാലിക നിയമനമാണ്‌.University പരീക്ഷാ ഹാളില്‍ ചോദ്യപ്പേപ്പറില്‍ വഴി മുട്ടിനില്‍ക്കുന്നവന്റെ അടുത്ത്‌, എന്റെ വീട്ടില്‍ റ്റ്യൂഷനു വരാമെന്നുറപ്പു തന്നാല്‍ ഇപ്പോള്‍ സഹായിക്കാം എന്നു പറഞ്ഞ മനുഷ്യസ്നേെഹി.

മേല്‍ പറഞ്ഞ മാന്യദേഹം ഒരു നല്ല ദിവസം(one fine day) ക്ലാസ്സ്‌ നടത്തിവരികയായിരുന്നു. ഉച്ച ഉച്ചര ഉച്ചേമുക്കാല്‍ സമയം. കുംഭകര്‍ണസേവ നടത്താന്‍ ഇതിലും നല്ല അവസരം ഇല്ലെന്നു കണ്ട ഞാന്‍ അന്ത കര്‍മ്മത്തില്‍ വ്യാപൃതനായി. പിന്നെ ഞാനായതു കൊണ്ടു പറയല്ല, ഒരു പണിയില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയാല്‍ പിന്നെ വെടി പൊട്ടിയാലും അനങ്ങില്ല. ഇതു പലപേരായി പറഞ്ഞതാ...ശരിക്കും.പിന്നെയാ ഒരു ചുരുള്‍ കടലാസ്‌.

സംഭവിച്ചതിത്രയേ ഒള്ളൂ. എതോ ഗണിത വിരോധി തന്റെ പ്രധിഷേധം രേഖപ്പെടുത്താന്‍ തിരഞ്ഞെടുത്തതൊരു ചുരുള്‍ പത്രം. അതേറ്റു വാങ്ങാന്‍ വിധിക്കപ്പെട്ടതു നം മൂരിക്കുട്ടന്‍ തന്‍ ഇളം ശരീരം. കളി കാര്യമായി.ചുറ്റുവട്ടത്തൊരു മോഷണം നടന്നാല്‍ മുന്‍പ്രതികളെയെല്ലാം സ്റ്റേഷനിലേക്കു വിളിപ്പിക്കുന്നതു പോലെ, എന്നേയും പിറ്റേന്നു Mathematics dept.ലേക്കു വിളിപ്പിച്ചു.ആരോപണം ചില്ലറയാണോ, ഒരധ്യാപകനെ, അതും കണക്കധ്യാപകനെ എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചതാണു കുറ്റം. വര്‍ഗ്ഗസ്നേഹം എന്താണെന്നെനിക്കു മനസ്സിലാക്കിതന്നതവരാണ്‌. ആവൂ ഇങ്ങനേം ഉണ്ടോ ഒരു സ്നേഹം.

തെളിവെടുപ്പിനായി എന്റെയൊപ്പം dept.'ല്‍ ഹാജരാക്കപ്പെട്ട മറ്റുള്ളവരെല്ലാം ഒരേ പല്ലവി ആവര്‍ത്തിച്ചുകൊണ്ടേ ഇരുന്നു. "ഇല്ല", "അറിയില്ല", "കണ്ടില്ല".പിന്നെ ചോദ്യങ്ങള്‍ ഈ വഴിക്കായി. കടലാസിനു പകരം മറ്റെന്തെങ്കിലുമായിരുന്നുവെങ്കില്‍? ഏറു മര്‍മ്മത്തു കൊണ്ടിരുന്നുവെങ്കില്‍? പണ്ടേ chorus പാടാന്‍ താത്‌പര്യം കാണിക്കാത്ത ഞാന്‍ ചരിത്രം തിരുത്താന്‍ പോയില്ല."അറിയാം, പക്ഷെ പറയില്ല."കോളേജ്‌ ചെറുതായൊന്നു കുലുങ്ങിയോ?എനിക്കെന്നെ കുറിച്ചു തന്നെ അഭിമാനം തോന്നിയ നിമിഷങ്ങള്‍.ആ തോന്നല്‍ അധികനേരം നീണ്ടു നീണ്ടില്ല. പിന്നെ എല്ലാ ശരങ്ങളും എന്റെ നേര്‍ക്കായി. ഞാന്‍ വിട്വോ, ഒക്കെ വാങ്ങി പിടിച്ചു. കാണിച്ചതതിബുദ്ധിയായെന്ന്‌ മനസ്സിലായപ്പോളേക്കും കാര്യങ്ങള്‍ കൈ വിട്ടു പോയിരുന്നു.
എന്നെ ആദ്യമായി കാണുന്ന HOD'ക്കു പോലും എന്നെ കുറിച്ചു നല്ലതേ പറയാനുള്ളൂ- 'ഇവന്റെ മുഖം കണ്ടാലേ അറിയാം ഇവനാളു ശരിയല്ലാന്ന്‌, ഇവനെ ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല' ദേ കിടക്കണു. വരാനിരിക്കുന്ന university പരീക്ഷകള്‍, practicals, എന്റെ ശോഭനമായ ഭാവി എല്ലാം എന്റെ മുന്‍പില്‍ തൂങ്ങി നിന്നാടി.പിന്നെ ഒന്നും നോക്കിയില്ല, സര്‍വ്വശക്തിയുമെടുത്തൊറ്റ കരച്ചില്‍. ഞീളല്‍ എന്നും മറ്റും ചില അസൂയക്കാര്‍ പറയും.എന്റെ അതിബുദ്ധിയില്‍ മതിപ്പു തോന്നിയതു കൊണ്ടോ, കാര്യങ്ങളുടെ നിജസ്ഥിതി വെളിവായതു കൊണ്ടോ എന്തോ, എന്നെ വെറുതെ വിട്ടു.

മതിയായ തെളിവുകളില്ലാത്തതിനാല്‍ ആ വധശ്രമക്കേസ്‌ തള്ളി പോയി. ഏതായാലും പിന്നെ അധികം നാള്‍ മൂരിക്കുട്ടന്‍ ഞങ്ങളെ പഠിപ്പിച്ചില്ല.അന്നാലും ആ എറിഞ്ഞവനെ സമ്മതിക്കണം.
"ആ ഉച്ച സമയത്തെങ്ങനെ ഉറങ്ങാണ്ടിരുന്നു? "